News & Articles

  1. home
  2. news
  3. പോസ്റ്റ് സെക്കുലറിസം തുറന്നിടുന്ന നവ രാഷ്ട്രീയ ചക്രവാളം - ഹർഷദ് ഷിബിൻ
image description

പോസ്റ്റ് സെക്കുലറിസം തുറന്നിടുന്ന നവ രാഷ്ട്രീയ ചക്രവാളം - ഹർഷദ് ഷിബിൻ

ആധുനിക സമൂഹത്തെ നിരന്തരം നിർമ്മിച്ച് കൊണ്ടിരിക്കുന്ന, വ്യക്തിയുടെ ദൈനംദിന ജീവിതത്തിൽ അധീശ സ്വഭാവത്തോടെ അനിഷേധ്യ സാന്നിദ്ധ്യമായി വർത്തിക്കുന്ന സെക്കുലറിസം എന്ന സംജ്ഞയെ വിമർശനാത്മകമായി അന്വേഷിക്കുന്ന പഠനങ്ങളുടെ സംഗ്രഹ സമാഹാരമാണ് ഗവേഷകനായ ഡോ. കെ അഷ്റഫ് രചിച്ച പോസ്റ്റ് സെക്കുലറിസം എന്ന പുസ്തകം. ഇത്തരം ഒരു അന്വേഷണത്തെ മലയാളത്തിന് പരിചയപ്പെടുത്തുന്ന ആദ്യ രചനയാണ് ഈ പുസ്തകം. ആധുനിക മതേതരത്വം വിഭാവന ചെയ്ത രേഖീയമായ സാമൂഹ്യ പുരോഗതിയെയും അതിനെ ലംഘിച്ച് കൊണ്ട് കടന്നു വന്ന ചില രാഷ്ട്രീയ സാമൂഹ്യ പ്രതിഭാസങ്ങളും തുടർന്നുണ്ടായ മതേതര വിമർശന പരിപാടിയുടെ വികാസവും വ്യത്യസ്ത ആഗോള സാഹചര്യങ്ങളിൽ ഈ വിമർശനങ്ങൾ കൈക്കൊണ്ട പല അടരുകളെയും ഗ്രന്ഥകാരൻ വായനക്കാർക്ക് മുമ്പാകെ പരിചയപ്പെടുത്തുന്നു.

മതം അല്ലെങ്കിൽ മതേതരത്വം, ഏതെങ്കിലും ഒന്ന് മറ്റൊന്നിനേക്കാൾ നല്ലത്/മോശം എന്ന് പറയുന്നതിനേക്കാൾ ചരിത്രപരമായി ഇവ തമ്മിൽ നില നിൽക്കുന്ന സവിശേഷ അധികാരബന്ധങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമമായി പോസ്റ്റ് സെക്കുലർ ചിന്തകൾ മാറുന്നു. മത/മതേതര ബന്ധം പൊതുവെ യുക്തി – വികാരം, പൊതു – സ്വകാര്യം, അടിച്ചമർത്തൽ – വിമോചനം എന്നീ ദ്വന്ദങ്ങളിലായാണ് മനസ്സിലാക്കപ്പെടാറുള്ളത്. എന്നാൽ ഈ മേൽകീഴ് സ്വഭാവത്തെ ഇഴ പിരിച്ച് അന്വേഷിക്കുകയും മാറിയ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തിൽ ഇവ രണ്ടും അധീശ വ്യവഹാരമാവാതെ പരസ്പരം അനുപൂരകമായി വർത്തിക്കാൻ പറ്റുന്ന സാഹചര്യത്തിന്റെ സാധ്യതയെ കുറിച്ചാലോചിക്കുകയാണ് പോസ്റ്റ് സെക്കുലർ ചിന്തകർ. ഇതിലെ പ്രബല ചിന്തകരായി ചാൾസ് ടെയിലറെയും തലാൽ അസദിനെയും യുർഗൻ ഹേബർമാസിനേയും മനസ്സിലാക്കാം. മതവിമുക്ത പദ്ധതിയായല്ല സെക്കുലരിസത്തെ ടെയ്‌ലർ മനസ്സിലാക്കുന്നത്. മറിച്ച് മധ്യകാല ക്രൈസ്തവതയുടെ പരിഷ്കരിച്ച ഒരു വ്യാഖ്യാനമായി അദ്ദേഹമതിനെ നിരീക്ഷിക്കുന്നു. ടെയ്‌ലറുടെ പഠനം അറ്റ്ലാന്റിക് ലോകം എന്ന് തന്റെ പഠനങ്ങളിൽ വിശേഷിപ്പിക്കുന്ന പാശ്ചാത്യ പരിസരത്തെ കേന്ദ്രീകരിച്ചാണ്. സെക്കുലറിസത്തെ പരികൽപനാപരമായി പുതിയ രീതിയിൽ അന്വേഷിക്കുന്ന ടെയിലർ അതിനെ ഒരു പരിഹാര നിർദ്ദേശമായി മുന്നോട്ട് വെക്കുന്നു. മതേതരത്വത്തിന്റെ വംശാവലിയെ മധ്യകാല ക്രൈസ്തവ യൂറോപ്പിൽ നിന്ന് കണ്ടെടുക്കുന്ന തലാൽ അസദ്‌ ആണ് ഈ സംവാദങ്ങളിൽ ഇസ്‌ലാമിനെ സ്ഥാനപ്പെടുത്താൻ ശ്രമിക്കുന്ന പ്രമുഖ പണ്ഡിതൻ. ഹേബർമാസാവട്ടെ മതത്തെ മറികടക്കാനുള്ള തന്റെ ആദ്യകാല മത വിമർശന മതേതര നിലപാടിൽ നിന്ന് മാറിക്കൊണ്ട് മത/മതേതര പരസ്പര ബഹുമാനം നിലനിർത്തിയുള്ള ജ്ഞാന സങ്കൽപ്പനത്തെയും പൗരത്വതെയും കുറിച്ചുള്ള ആശയങ്ങൾ മുന്നോട്ട് വെക്കുന്നു.

മത മതേതര ദ്വന്ദങ്ങൾ പരസ്പരമുള്ള സവിശേഷമായ അധികാര ബന്ധങ്ങളെ തിരിച്ചറിയണമെങ്കിൽ പൂർവനിശ്ചിതമായ നിർണയവാദങ്ങളെ കൈയൊഴിയേണ്ടത് അനിവാര്യമാണ്. മതത്തിന് സാർവലൗകികമായി നൽകിയ സത്താപരമായ നിർവചനത്തെയും മതേതരത്വം ചരിത്രപരമായി സ്വയം അടയാളപ്പെടുത്തിയ സ്വാഭാവികവൽകൃത സാമാന്യ ബോധങ്ങളെയും ചോദ്യം ചെയ്തു കൊണ്ടേ ഈ പരസ്പര ബന്ധങ്ങളെ മനസ്സിലാക്കാൻ സാധിക്കൂ എന്ന് പോസ്റ്റ് സെക്കുലർ പഠനങ്ങൾ പറഞ്ഞ് വെക്കുന്നു. ആ അർത്ഥത്തിൽ പോസ്റ്റ് സെക്കുലർ പഠനങ്ങൾ മതേതരത്വത്തെ മാത്രമല്ല മതത്തെയും കൂടെ പുനരാലോചനാ വിധേയമാക്കുന്നുണ്ട്.

തലാൽ അസദിന്റെ നിരീക്ഷണങ്ങൾ മത/മതേതര മണ്ഡലങ്ങൾ തമ്മിൽ പുലർത്തുന്ന സവിശേഷ അധികാര ബന്ധത്തെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നുണ്ടെങ്കിലും അതൊരു അശുഭ ദിശയിലേക്ക് നീങ്ങുന്നതായാണ് തോന്നുന്നത്. അപനിർമ്മാണാത്മക ശൈലിയാണ് അസദ് മുന്നോട്ട് വെക്കുന്നത്. ഈ ഒരു സ്ഥാനത്ത് നിന്ന് മുന്നോട്ട് പോയിക്കൊണ്ട് ഇസ്‌ലാമിന്റെ ആന്തരിക ബാഹ്യ വിമർശന ശേഷിയെ വികസിപ്പിക്കുന്നത് ഇർഫാൻ അഹ്മദിന്റെ പഠനങ്ങളിൽ നിന്ന് കാണാം. അഭിപ്രായ സ്വാന്ത്ര്യവും വിമർശനങ്ങളെ ഉൾക്കൊള്ളലും തങ്ങളുടെ സവിശേഷതയായി അവകാശപ്പെടുന്ന ലിബറൽ മതേതര മണ്ഡലത്തിന്റെ അവകാശവാദത്തിലെ സാംഗത്യത്തെ തന്റെ പഠന അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുകൊണ്ട് അദ്ദേഹം ചോദ്യം ചെയ്യുന്നു. അതുപോലെ മതേതരത്വത്തിന്റെ ഉത്പന്നമായ ആധുനിക ദേശരാഷ്ട്രത്തിനോടുള്ള ഒരു വിമർശനോപാധിയായി ഇസ്‌ലാമിന്റെ ധാർമിക മാർഗരേഖ എന്ന നിലയിൽ ശരീഅത്തിനെ മനസ്സിലാക്കിക്കൊണ്ട് അതിനെ വികസിപ്പിക്കുന്നത് വാഇൽ ഹല്ലാഖ് എന്ന അറബ് ക്രൈസ്തവ പശ്ചാത്തലമുള്ള ചിന്തകനാണ്‌. ശരീഅത്തിനെ  സമൂഹത്തെ വാർത്തെടുക്കുന്ന ധാർമിക സംവിധാനമായി കാണുന്ന ഹല്ലാഖ്‌ ശരീഅത്തിനെ കുറിച്ചുള്ള ആധുനിക മുസ്‌ലിം ധാരണകളെ കൂടി പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ ഹല്ലാഖിന്റെ വിമർശനങ്ങൾ ഒരു ആന്തരിക ബാഹ്യ വിമർശന സ്വഭാവം സ്വീകരിക്കുന്നു. ഈ സംവാദത്തിൽ ഇസ്‌ലാമിക് സെക്കുലർ എന്ന പുതിയൊരു ആശയം പരിചയപ്പെടുത്തുന്ന ആഫ്രോ അമേരിക്കൻ ഇസ്‌ലാമിക ചിന്തകനാണ്‌ ഷെർമൻ ജാക്ക്സൺ. ഇന്ന് നമ്മൾ മനസ്സിലാക്കുന്ന മതത്തെ രണ്ടാം കിടയായി കാണുന്ന രാഷ്ട്രീയ സെക്കുലറിസമല്ല അദ്ദേഹം മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിക് സെക്കുലർ എന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട് എന്ന് ജാക്ക്സണെ വിശദീകരിച്ചു കൊണ്ട് ഒവാമിർ അഞ്ജൂം അടിവരയിടുന്നു.

സെക്കുലരിസത്തെ കുറിച്ചുള്ള ഇന്ത്യൻ സംവാദങ്ങൾ പലപ്പോഴും ഇന്ത്യയുടെ മതസഹിത ബഹുസ്വര സാമൂഹ്യ രാഷ്ട്രീയ ക്രമം പുലർത്തുന്ന വ്യതിരിക്തമായ ‘പൗരസ്ത്യ മതേതര’ മാതൃക ഉയർത്തി കാണിച്ചുകൊണ്ടാണ് വികസിച്ചിട്ടുള്ളത്. മുഗളന്മാർ മുതലേ ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നുണ്ട് എന്ന് അമർത്യ സെന്നിനെ പോലുള്ളവർ വാദിക്കുന്നത് കാണാം. എന്നാൽ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കുമ്പോഴും ഇന്ത്യൻ സെക്കുലറിസത്തിന് യൂറോപ്പ് ഒരു റഫറൻസ് പോയിന്റായി മാറുന്നു എന്നതാണ് സൽമാൻ സയ്യിദ് ഇതിനോട് ഉന്നയിക്കുന്ന വിമർശനം. പാശ്ചാത്യേതരമായി സെക്കുലരിസത്തെ സങ്കല്പിക്കൽ അസാധ്യമാവുന്നു എന്നദ്ദേഹം കരുതുന്നു. ടി എൻ മദൻ, റോമില ഥാപ്പർ, ആശിഷ് നന്ദി, എം.എസ്.എസ് പാണ്ഡ്യൻ, സുമിത് സർക്കാർ, പാർത്ഥാ ചാറ്റർജി എന്നിവരുടെ മതേതര വിമർശനങ്ങൾ പുസ്തകം പരിചയപ്പെടുത്തുന്നു. നന്ദിയുടെ വിമർശനം മതേതരത്വത്തിന്റെ നിരാകരണത്തിലേക്ക്‌ ആണ് നയിക്കുന്നതെങ്കിൽ സർക്കാറിനെയും ഥാപ്പറെയും പോലുള്ളവർ നിലവിലെ മതേതരത്വത്തിന്റെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനെ കുറിച്ചുള്ള വീക്ഷണങ്ങൾ പങ്ക് വെക്കുന്നു. പാണ്ഡ്യനെ പോലുള്ളവരുടെ ജാതിവിരുദ്ധ വ്യവഹാരങ്ങൾ മതേതര വിമർശനങ്ങളായി മാറുന്നു. ഇതാണ് ഇന്ത്യയിലെ മതേതര വിമർശനങ്ങളെ വ്യത്യസ്തമാക്കുന്നത്. ജാതി, വംശ, ഭാഷാ, പ്രദേശ വ്യവഹാരങ്ങൾ ഇവിടെ സവിശേഷ മതേതര വിമർശന സ്വഭാവം കൈവരിക്കുന്നത് കാണാം.

സിഗ്മണ്ട് ഫ്രോയിഡിന്റെയും ഴാക്ക്‌ ലക്കാന്റെയും മനോവിശ്ലേഷണ പരിപ്രേക്ഷ്യത്തിലൂടെയുള്ള ചരിത്രവായനയെ പരിചയപ്പെടുത്തിക്കൊണ്ട് പരിധികൾ ലംഘിക്കാനുള്ള മനുഷ്യ കാമനയാണ് മതത്തിന്റെയും മതേതര ആധുനിക രാഷ്ട്രീയത്തിന്റെയും നിയമ അധികാരങ്ങൾ സാക്ഷാൽക്കരിക്കുന്നതെന്ന് വാദിക്കുന്നു. ആധുനിക ദേശരാഷ്ട്രത്തിന്റെ ഭരണനിർവഹണ യുക്തികൾ മതത്തിൽ നിന്നന്യമായതല്ല. മറിച്ച് മതേതരവൽകരിക്കപ്പെട്ട ദൈവശാസ്ത്രമാണെന്ന്  കാൾ ഷ്മിത്ത് നിരീക്ഷിക്കുന്നു. ദൈവം മരിച്ചിരിക്കുന്നു എന്ന വാദത്തെ തള്ളിക്കൊണ്ട് ദൈവം ആധുനിക മതേതരത്വത്തിന്റെ അബോധത്തിൽ കുടികൊള്ളുന്നു എന്ന് വാദിച്ച് ലക്കാനും മറ്റൊരർത്ഥത്തിൽ ഷ്മിത്തിനോട് സാദൃശ്യപ്പെടുന്നു. മാർക്സിസത്തിലും മനോവിശ്ലേഷണത്തിലും തൽപരനായ സ്ലാവോയ് സിസേക്ക് പോസ്റ്റ് സെക്കുലർ സംവാദങ്ങളിൽ ഇടപെട്ട് കൊണ്ട് ക്രൈസ്തവതയിൽ നാസ്തികതക്ക് അടിത്തറ കണ്ടെത്തുന്നു. ഇതാണ് മനുഷ്യ വിമോചനത്തിന് ഇനിയുള്ള പരിഹാരം എന്നദ്ദേഹം കരുതുന്നു.

ഡികോളോണിയൽ വീക്ഷണങ്ങൾ മതത്തിന്റെയും വംശീയതയുടെയും കൊളോണിയൽ അധികാര ഘടനയുടെ ഉത്ഭവത്തിന്റെയും മറ്റൊരു വായനയാണ് അവതരിപ്പിക്കുന്നത്. വാൾട്ടർ മിഗ്നോളോയുടെയും നെൽസൺ മൽഡൊണാഡോ ടോറസിന്റെയും പഠനങ്ങളെ പിന്തുടർന്ന് കൊണ്ട് ഡികൊളോണിയൽ പഠനങ്ങളെ എഴുത്തുകാരൻ സംഗ്രഹിക്കുന്നു. കൊളംബസിന്റെ പര്യവേക്ഷണം തീർത്ത ജ്ഞാനശാസ്ത്ര വംശീയ അപരഹിംസയെയും കോളനിവൽകൃത സമൂഹങ്ങളെ സാംസ്കാരികമായി അപരവൽകരിച്ച് കൊണ്ട് യൂറോപ്പ് തീർത്ത വെള്ള സ്വത്വ നിർമിതിയെയും ഈ ഭാഗത്ത് നിശിത വിമർശനത്തിന് വിധേയമാക്കുന്നു. ഈ പഠനങ്ങളിൽ നിന്ന് യൂറോപ്പ് എങ്ങനെ ഇതര മത-മതരഹിത സമൂഹങ്ങളെ വീക്ഷിച്ചു എന്ന് അറിയാൻ സാധിക്കുന്നു. പുസ്തകം അതിന്റെ അവസാന ഭാഗത്ത് മതം എന്ന് നിർവചിക്കപ്പെടുന്ന ആധുനിക സംവർഗത്തെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്നു. ഹിന്ദുയിസത്തെയും ബുദ്ധിസത്തെയും മറ്റ് പല സമൂഹങ്ങളിലെ മതങ്ങളെയും ഈ ഭാഗത്ത് പരാമർശിക്കുന്നു. മതം എന്ന ആധുനിക നിർമിതിക്ക് പിന്നിലെ അധികാര താൽപര്യങ്ങളും സ്വാധീനങ്ങളും ഇവിടെ ചർച്ചക്കെടുക്കുന്നു.

പോസ്റ്റ് സെക്കുലറിസം എന്ന പഠന മേഖലയെ പരിചയപ്പെടുത്തുക എന്ന ധർമ്മത്തിലൂന്നി രചിച്ച പുസ്തകമായതിനാൽ തന്നെ തന്റെ കാഴ്ചപ്പാടുകൾക്ക് പുസ്തകത്തിൽ അധികം സ്ഥാനം കൊടുത്തിട്ടില്ല എന്ന് ഗ്രന്ഥകാരൻ തന്നെ ആമുഖത്തിൽ പറയുന്നുണ്ട്. ഇസ്‌ലാമിക, ഇടത് പക്ഷ, ദൈവശാസ്ത്ര, ഡികൊളോണിയൽ, ജാതിവിരുദ്ധ, ഫെമിനിസ്റ്റ്, മനോവിശ്ലേഷണ പരിപ്രേക്ഷ്യത്തിൽ നിന്നുള്ള വൈവിധ്യമാർന്ന മത മതേതര വിമർശനങ്ങളെ കോർത്തിണക്കിയാണ് പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ഓരോ അധ്യായങ്ങളും വ്യക്തികളുടെ സാമാന്യബോധത്തിൽ പല ഘട്ടങ്ങളിലായി സെക്കുലറിസം നിർവഹിച്ച സ്വാഭാവികവൽക്കരണത്തെ തിരിച്ചറിയാനുള്ള വിമർശനാത്മക ഉൾക്കാഴ്ച നൽകുന്നുണ്ട്. ചോദ്യം ചെയ്യാൻ പറ്റാത്ത വിമർശന രഹിത മേഖലയായി നിലനിന്നിരുന്ന മതേതരത്വത്തെ കുറിച്ചുള്ള ബോധത്തിന് പോസ്റ്റ് സെക്കുലർ പഠനങ്ങളും രാഷ്ട്രീയവും വിള്ളൽ വീഴ്ത്തുന്നുണ്ട്. അത്തരം ഒരു പുതിയ രാഷ്ട്രീയ ചക്രവാളത്തിലേക്കുള്ള ഒരു ജാലകമായി, ഈ മേഖലയെ കൂടുതൽ സംവാദാത്മകമാക്കാനുള്ള അന്വേഷണങ്ങളുടെ വൈജ്ഞാനിക സ്രോതസ്സായി പുസ്തകം മാറുമെന്ന് പ്രത്യാശിക്കാം.

https://campusalive.net/post-secularism-book-review/