അബ്ദുല്ലാ ഹസൻ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി.
കേരള മുസ് ലിംകളിലെ കിടയറ്റ പണ്ഡിതൻമാരിൽ ഒരാളായിരുന്നു അബ്ദുല്ലാ ഹസൻ സാഹിബ്.അൽജാമിഅയായി മാറിയ പഴയ ശാന്തപുരം ഇസ് ലാമിയാ കോളേജ് കൈരളിക്ക് സംഭാവന ചെയ്ത അപൂർവ പ്രതിഭ,എഴുത്തുകാരൻ,പത്ര പ്രവർത്തകൻ, അധ്യാപകൻ, ഗവേഷകൻ എന്നീ നിലയിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ഇസ് ലാമിക പ്രവർത്തകനും നേതാവും. ജോലിയാവശ്യാർത്ഥം ഖത്തറിൽ പോകുന്നതിന് മുന്പ് പ്രബോധനത്തിൽ ജോലി ചെയ്തു.ഗവേഷണ മാസികയായ പ്രബോധനം നടത്തിയത് അക്ഷരാർത്ഥത്തിൽ അബ്ദുല്ലാ ഹസൻ സാഹിബായിരുന്നു പണ്ഡിതനും ഗവേഷകനുമായ ടിഎമ്മിൻ്റെ കൂടെ. ടി എമ്മിൻ്റെ ശിഷ്യത്വം കിട്ടിയത് കൊണ്ടാകണം പൊതുവേ പത്ര പ്രവർത്തകർക്ക് അന്ന്യമായ ഗവേഷണ സ്വഭാവം അബ്ദുല്ലാ ഹസൻ സാഹിബിന് കിട്ടിയത്.ഉപരിപ്ലവത അദ്ദേഹത്തിൻ്റെ എഴുത്തിൽ ഒട്ടും ഉണ്ടായിരുന്നില്ല.വ്യത്യസ്തമായ പല അഭിപ്രായങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.നമുക്കതിനോട് വിയോജിക്കാം .പക്ഷെ തെളിവുകൾ കൊണ്ട് സന്പന്നമായിരുന്നു അദ്ദേഹത്തിൻ്റെ എഴുത്ത്.
സകാത്ത് തത്വവും പ്രയോഗവും,മുസ് ലിംകൾ ബഹുസ്വര സമൂഹത്തിൽ,സ്ത്രീ പ്രമാണങ്ങളിലും പാരന്പര്യങ്ങളിലും ഇബാദത്ത് ലഘു പരിചയം എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ ഗവേഷക സ്വഭാവം തെളിഞ്ഞ് കാണുന്ന കൃതികളാണ്. ചെറുപ്പ കാലത്ത് സംവാദ വേദിയിലും അബ്ദുല്ലാ ഹസൻ സാഹിബുണ്ടായിരുന്നു.70 കളിൽ ഇബാദത്ത് വിഷയത്തിൽ മുജാഹിദുകളുമായി എറണാംകുളത്ത് നടത്തിയ സംവാദം അവയിലൊന്നാണ്.പ്രായം ചെന്ന മുജാഹിദ് പണ്ഡിതൻമാരെ അവിടെ നേരിട്ടത് അന്ന് യുവ തുർക്കികളായ അബ്ദുല്ലാ ഹസൻ, വികെ അലി ഒ അബ്ദുർറഹ് മാൻ ത്രയങ്ങളാണ്.പ്രസ്തുത സംവാദത്തിൽ അബ്ദുല്ലാ ഹസൻ സാഹിബ് അവതരിപ്പിച്ച പ്രബന്ധത്തിൻ്റെ പുസ്തക രൂപമാണ് ഇബാദത്ത് ലഘു പരിചയം.
സംഘാടക രംഗത്തും അബ്ദുല്ലാ ഹസൻ സാഹിബ് സജീവമായിരുന്നു.ഖത്തറിൽ ഇസ് ലാമിക പ്രസ്ഥാനം കെട്ടി പടുത്തവരിൽ ഒരാളാണ് അദ്ദേഹം.പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം ദീർഘ കാലം അദ്ദേഹം ജമാഅത്ത് കേരള ശൂറയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമായിരുന്നു.ഒപ്പം ശാന്തപുരം അൽജാമിഅയിൽ അധ്യാപകനും അവസാന കാലത്ത് ഐ പി എച്ചിന് വേണ്ടി ശൈഖ് ഖറദാവിയുടെ കൈഫ നതആമലു മഅഹദീഥു ന്നബവിയ്യ എന്ന കൃതി വിവർത്തനം ചെയ്യാൻ അദ്ദേഹം ഏറ്റിരുന്നു.പക്ഷെ കണ്ണിന് അസുഖം വന്നതിനാൽ അദ്ദേഹത്തിന് അത് മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല എന്നാണ് രണ്ട് മാസം മുന്പ് ഫോൺ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.അബ്ദുല്ലാ ഹസൻ സാഹിബിൻ്റെ എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് ഐപി എച്ച് തന്നേയാണ്.അദ്ദേഹത്തിൻ്റേ വേർപ്പാട് ഐ പി എച്ചിനും ഒരു തീരാ നഷ്ടമാണ്.
നാഥാ അദ്ദേഹത്തിന് നീ മഗ് ഫിറത്തും മർഹമത്തും നൽകേണമെ..
കെ.ടി ഹുസൈൻ